എസ്ഡിപിഐ ഓഫീസുകളിൽ വ്യാപകമായി ഇഡി റെയ്ഡ്

തിരുവനന്തപുരം: രാജ്യവ്യാപകമായി എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തുന്നു. 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നു രാവിലെ ഒമ്പതരയോടെയാണ് പരിശോധന തുടങ്ങിയത്.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണ് എസ്ഡിപിഐ എന്ന് നേരത്തേ ഇ.ഡി ആരോപിച്ചിരുന്നു. സാമ്പത്തികവും നയപരമായും എസ്.ഡി.പി.ഐയിൽ പി.എഫ്.ഐ സ്വാധീനമുണ്ട്. സ്ഥാനാർഥി നിർണയത്തിൽപ്പോലും എസ്.ഡി.പി.ഐയെ പി.എഫ്.ഐ. സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇപ്പോൾ റെയ്ഡ്.
എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഫൈസി. 2009-ലാണ് എസ്ഡിപിഐ രൂപീകരിക്കപ്പെട്ടത്. നിയമവിരുദ്ധസംഘടന എന്ന പേരിൽ 2022-ലാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.











